Wednesday, April 21, 2021

The Priest - Review.

മമ്മൂട്ടിയുടെ അടുത്തകാലത്ത് ഇറങ്ങിയ പടങ്ങൾ വെച്ച് നോക്കുമ്പോൾ ഇത് വളരെ ഭേദമാണ് - സിനിമ കണ്ടതിനു ശേഷം ഒരു സുഹൃത്ത് പറഞ്ഞത് ഇങ്ങനെയാണ്. ഇക്ക ഈ അടുത്ത കുറെ കാലങ്ങളായി ചെയ്യുന്ന പടങ്ങളുടെ ഗ്രാഫ് ശ്രദ്ധിച്ചാൽ മനസിലാക്കാം ഇതത്ര വലിയ ഒരു കോംപ്ലിമെൻറ് അല്ല എന്നത്. വളിച്ച സാമ്പാർ വളിച്ച സാമ്പാർ തന്നെ - അതിപ്പോ ഒരാഴ്ച പഴകിയതാണേലും ഒരു ദിവസം പഴകിയതാണേലും. എന്തായാലും OTT ആയോണ്ട് കൂടുതൽ കാശു ചിലവില്ല, വീട്ടിൽ ഇരുന്നു തന്നെ കാണാം. പടത്തിലെ നായകൻ മമ്മൂട്ടി ആണെന്നുള്ളത് അതിനാൽ തന്നെ അത്ര വല്യ deterrent ആയി തോന്നിയില്ല.
ഒരു മരണം, ഒരു കൊലപാതകം, ഒരു അന്വേഷണം, ഒരു പ്രേതം - അങ്ങനെ പോകുന്നു ആദ്യ പകുതി. അത് മാത്രം ഒരു സിനിമ ആയിരുന്നേൽ കുറച്ചു കൂടി ഗംഭീരം ആയേനെ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ വേണ്ടി ഒന്നല്ല, രണ്ടല്ല നാലു കൊലപാതകങ്ങൾ ആണ് നമ്മുടെ സംവിധായകൻ ചെയ്തത്. (സംവിധായകൻ, പ്രൊഡ്യൂസർ, കഥ-തിരക്കഥകൃത്ത് ഇതൊക്കെ ആരാണെന്നു അറിയണേൽ പോസ്റ്റർ നോക്കിയാൽ കിട്ടും.) അങ്ങനെ മമ്മൂട്ടി ഒരു പാതിരി ആണെന്നും, സാനിയ ഇയ്യപ്പൻ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പ്രേതം ആണെന്നും നമുക്ക് മനസിലാവുന്നത് ആദ്യ പകുതിയുടെ അവസാനം ആണ്. എന്നാൽ മറ്റു പാതിരിമാർക്ക് ദൈവത്തോട് മാത്രം സംസാരിക്കാൻ കഴിയുമ്പോൾ ഇക്ക അവതരിപ്പിക്കുന്ന പാതിരി - ബെനഡിക്ട് അവര്കള്ക്ക് പ്രേതങ്ങളായും സംസാരിക്കാൻ പറ്റുമെന്നതാണ് ട്വിസ്റ്റ്. അത് മാത്രമല്ല, നമ്മുടെ സിനിമയിലെ മമ്മൂട്ടി മാറിയാൽ പിന്നെ ഉള്ള കേന്ദ്രകഥാപാത്രം - എല്ലാരേം തുറിച്ചു നോക്കുന്ന അമേയ എന്ന കുട്ടിയേയും ഈ ആദ്യ പകുതിയിൽ സംവിധായകൻ നമുക്ക് പരിചയപ്പെടുത്തി തരുന്നു.
അമേയ ഒരു അനാഥകുട്ടി ആണ്. നമുക്ക് അതെങ്ങനെ അറിയാം? ആ കുട്ടിയെ കുറിച്ച എപ്പോൾ എന്തൊക്കെ പറഞ്ഞാലും അനാഥ ആയതിന്റെ മുതലെടുപ്പാണ് ഈ കുട്ടി ഇങ്ങനെ കൊള്ളരുതാത്തരം ചെയ്യുന്നേ എന്നാണ് കുട്ടിയുടെ സ്കൂളിലെ അദ്ധ്യാപകരും ഓഫീസ് സ്റ്റാഫും പറയുന്നത്. സാധാരണ അനാഥപിള്ളേർ അല്ല മറിച്ച് ഇച്ചിരി privileged ആയ പിള്ളേർ ആണ് കൂടുതൽ കൊള്ളരുതാത്തരം ചെയ്യുന്നത് എന്നാണ് പൊതുവെ കാണാറുള്ളത്. പക്ഷെ കേരളത്തിലെ പ്രൈവറ്റ് സ്കൂളുകളിൽ പോയിട്ടുള്ളവർക്ക് അറിയാം അവിടെ ഉള്ള അദ്ധ്യാപകവൃന്ദം, പ്രത്യേകിച്ചും ചെറിയ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന ടീച്ചര്മാരിൽ കുറെ അധികം ഇജ്ജാതി സൈക്കോസ് ഉണ്ടെന്നുള്ളത്. എന്തായാലും അമേയയെ നന്നാക്കാൻ ജെസ്സി ടീച്ചർ എത്തുന്നു. അമേയക്ക് എന്തിരോ പ്രശനം ഉണ്ടെന്നു നേരത്തെ മനസിലാക്കിയ clairvoyant പാതിരിയും അമേയയെ തേടി എത്തുന്നു.
അമേയയെ ചോദ്യം ചെയ്യുന്നു - അമേയ അതിന്റെ ഇടക്ക് കരയുന്നു, ജെസ്സി ടീച്ചർ ഓടി വരുന്നു, അമേയയുടെ മുഖത്തു അടി കൊണ്ട പാട് കാണുന്നു, ടീച്ചറെ ഇയാൾ എന്നെ ഉപദ്രവിച്ചു എന്ന് പറയുന്നു, ജെസ്സി ടീച്ചർ അമേയയെ രക്ഷിക്കുന്നു, എന്നിട്ടു ഈ ക്ലാസിക് ഡയലോഗ് പറയുന്നു - "കുട്ടികളെ ഉപദ്രവിക്കുന്നത് ശരി അല്ല, പക്ഷെ നിങ്ങൾ ഒരു പാതിരി ആയോണ്ട് ഞാൻ ഒന്നും പറയുന്നില്ല". കേൾക്കുമ്പോൾ ഇതെന്തോന്നാ ഈ ചേച്ചി ഇങ്ങനെ പറയണേ എന്ന് തോന്നുമെങ്കിലും "കത്തോലിക്ക സഭ, കുട്ടികൾ, പോപ്പ്, മാപ്പ്" എന്നൊന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ മാറാവുന്നതേ ഉള്ളൂ ആ കൺഫ്യൂഷൻ.
ജെസ്സി ടീച്ചറുടെ സിമ്പിൾ സ്നേഹം കൊണ്ട് സാധാരണ ഒന്നോ രണ്ടോ മാർക് വാങ്ങി നടന്നിരുന്ന അമേയ 48 മാർക്ക് വരെ എത്തുന്നു. പടം വരക്കുന്നു, ചിരിക്കുന്നു, vacation ആയപ്പോ ജെസ്സി ടീച്ചർടെ വീട്ടിൽ പോകുന്നു, വിഭവസമൃദ്ധമായ സദ്യ ഉണ്ടാക്കുന്നു, വയലിൻ കയ്യിൽ പിടിക്കുന്നു, ഓറഞ്ച് തിന്നുന്നു - ആകെ മൊത്തം സൂപ്പർ. അങ്ങനെ ഇരിക്കുമ്പോ ടീച്ചറുടെ ബാല്യകാലസുഹൃത്തും കാമുകനും ആയ മിസ്റ്റർ സിദ്ധാർഥ് വന്നു പുള്ളിക്കാരിയെ പ്രൊപ്പോസ് ചെയ്യുന്നു. അമേയ പൊട്ടി തെറിക്കുന്നു. ടീച്ചർ ചൂടാവുന്നു. അമേയയിലെ പ്രേതം ആക്റ്റീവ് ആവുന്നു, ടീച്ചറെ പഞ്ഞിക്കിടുന്നു. അടപടലം പേടിച്ച ടീച്ചർ ഇക്കയെ വിളിക്കുന്നു.
ഇക്ക വന്നിട്ട് പ്രേതകഥകളെ സ്മാർട്ട് ആക്കാൻ ശ്രമിക്കുന്ന ഏതൊരു pseudo-science ആരാധകനേം പോലെ കുറെ പിച്ചും പേയും പറഞ്ഞു educated ആയ ടീച്ചറെ convince ചെയ്യുന്നു. പ്രൈവറ്റ് സ്കൂൾ ടീച്ചർ ആണ് - educated ആണെന്ന് പൂർണമായി ഉറപ്പിക്കാൻ വയ്യ, കണ്ടിടത്തോളം സാധ്യതയും കുറവാണ്. പിന്നെ സാഹചര്യങ്ങളും അങ്ങനെ ആണല്ലോ - convince ആയതിൽ കുറ്റം പറയാൻ പറ്റില്ല. എന്തായാലും പാതിരി exorcise ചെയ്യാൻ കൂടെ കൊണ്ടു വന്ന ഡോക്ടർ നമ്മടെ ടി ജി രവി ചേട്ടൻ ആണ്. പുള്ളി അവിടെ ഒരു കമ്പ്യൂട്ടർ ഒക്കെ വെച്ച് എന്തോ ഗ്രാഫ് ഒക്കെ നോക്കി എന്തോ ഒക്കെ ചെയ്യും, ഇക്ക ആണേൽ ലാറ്റിനും ഇംഗ്ലീഷും മലയാളവും ഒക്കെ വെച്ച് ഒരു പിടി പിടിക്കുന്നു. ഏതായാലും മലയാളി ആയ പ്രേതം ഫലസ്റ്റീൻകാരനായ യേശു വഴി ലാറ്റിൻ കേട്ട് പേടിക്കുന്നെങ്കിലും കട്ടയ്ക് പിടിച്ച് നിൽക്കുന്നു, വിട്ടു പോകുന്ന സീൻ ഇല്ല. അത് വരെ പാതിരി വിചാരിച്ചത് കുട്ടിയുടെ ദേഹത്തെ പ്രേതം എലിസബത്ത് (irrelevant character number X of 100) ആന്നെന്നാണ് . പക്ഷേ പിന്നീടത് ജെസ്സി ടീച്ചറുടെ ചേച്ചിയായ സൂസൻ ആണെന്ന് മനസിലാക്കുന്നു.
പ്രേതങ്ങൾ ഉണ്ടാവുന്നത്:
അതായത്, മരിച്ചു പോയ ഒരാൾക്ക് എന്തെങ്കിലും ജീവിതത്തിൽ ചെയ്യാൻ ബാക്കി ഉണ്ടേൽ പുള്ളി മരിച്ചാലും ഇവിടെ തന്നെ കാണും. ആ ലോജിക് അനുസരിച്ച ഈ ലോകത്തിൽ ജനിച്ച് മരിച്ച ഒരു മാതിരി എല്ലാവരും ഇപ്പൊ പ്രേതങ്ങളായി ഇവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു കാണും.
നമ്മടെ സൂസൻ പ്രേതം ഇപ്പോളും ചുറ്റിപറ്റി ഇരിക്കുന്നതെന്തെന്നാൽ, പുള്ളിക്കാരിയെ തട്ടി കളഞ്ഞത് സിദ്ധാർഥ് ആണെന്നാണ് പ്രേതത്തിന്റെ വിചാരം, അവനെ കൊന്നു ഓങ്കാരനടനം ആടിയാലേ പ്രേതം വേൾഡിൽ പ്രവേശനം കിട്ടൂ. പക്ഷെ സത്യം എന്തെന്നാൽ സൂസനെ കൊന്നത് വെള്ളമടിച്ചു വണ്ടി ഓടിച്ച ജെസ്സി ആണ്. പക്ഷേ , നമ്മടെ പ്രേതം പുട്ടുറുമീസിനെ പോലെയാണ് - ശക്തി മാത്രേ ഉള്ളു, ബുദ്ധി തീരെ ഇല്ല. ആയതിനാൽ പ്രേതത്തിന് അതറിയില്ല. ഒന്നുമില്ലേൽ ആ ഏരിയയിൽ ഉള്ള ബാക്കി പ്രേതങ്ങളോട് ഒന്ന് അന്വേഷിച്ചാൽ മതിയാരുന്നു - അവർ ആരേലും പറഞ്ഞു തന്നേനെ. ഒരു ചെക്കനും പെണ്ണും വെള്ളമടിച്ചു ഒരു കാറിൽ കറങ്ങുന്നത് നോക്കി നടക്കാൻ ഒന്നല്ല രണ്ടല്ല ഒരായിരം അമ്മാവൻ പ്രേതങ്ങൾ കേരളത്തിൽ എന്തായാലും കാണുമെന്നത് ഉറപ്പല്ലേ? ഇതാണ് പറയുന്നേ യൂണിയൻ വേണം യൂണിയൻ വേണമെന്ന്. Anyway, മമ്മൂട്ടി പ്രേതത്തെ എല്ലാം പറഞ്ഞു മനസിലാക്കി അമേയയുടെ പുറത്തു നിന്നും ഒഴിപ്പിക്കുന്നു. ഹോളി വാട്ടർ, കുരിശ്, ഹോളോഗ്രാം ഇതൊന്നും കൊണ്ട് നടക്കാത്ത exorcism പ്രേതത്തെ ചർച്ചയ്ക്ക് വിളിച്ചു വരുത്തി കാര്യം നടത്തി മറ്റു മന്ത്രവാദികൾക്കും ബാധ ഒഴിക്കൽ ടീമ്സിനും ഇക്ക മാതൃകയാവുന്നു. അതിനു തൊട്ടു മുൻപ് ഇക്ക പക്ഷെ പണ്ട് നടുവേദന വരുമ്പോ ചൂടാക്കാൻ ഉപയോഗിക്കുന്ന ടോർച്ച് പോലെ എന്തോ ഒരു ഐറ്റം വെച്ച സൂസനെ പുറത്ത് കൊണ്ട് വരുന്നുണ്ട് - ആ ഐറ്റം എന്തെ മുന്നേ ഉപയോഗിക്കാഞ്ഞേ എന്ന് ഞാൻ ചോദിച്ചു - പക്ഷെ ഇക്ക ടിവിയിലും ഞാൻ റൂമിലും ആയോണ്ട് പുള്ളി കേട്ടില്ല, ഒന്നും പറഞ്ഞതും ഇല്ല.
Epilogue:
എന്തായാലും കാര്യങ്ങൾ എല്ലാം മംഗളമായി കലാശിക്കുന്നു. ഇതിന്റെ ഇടയിൽ ടീച്ചർ വണ്ടി തട്ടി ഹോസ്പിറ്റലിൽ എത്തിയപ്പോ പ്രോപ്പർ ട്രീത്മെന്റ്റ് കൊടുക്കാതെ തട്ടി കളഞ്ഞതാണ് എന്ന് നാം മനസിലാക്കുന്നു - അതിനു കാരണമുണ്ട്, ബട്ട് അതും relevant അല്ല. ഇക്കേം സൂസൻ പ്രേതോം ആ സത്യം എങ്ങനെ മനസിലാക്കുന്നു എന്നത് ഇപ്പോളും വ്യക്തമല്ല. ഇക്കയുടെ സഹായത്തോടെ അവരേം സൂസൻ പ്രേതം കൊല്ലുന്നു , പ്രേതങ്ങൾ എവിടെയാണോ പോകേണ്ടത് അങ്ങോട്ട് തിരിച്ച് പോകുന്നു. ശുഭം.
ഇതിനിടക്ക് അമേയയുടെ അനാഥാലയത്തിലെ കന്യാസ്ത്രീ അവളെ അന്വേഷിച്ച് വരുന്ന ഒരു സീൻ ഉണ്ട്. അത് കഴിഞ്ഞ് പിന്നെ അവരെ കാണിക്കുന്നില്ല. അവർ വന്നത് അമേയയെ തുറന്നു വിടാൻ വേണ്ടി ആണെന്ന് തോന്നുന്നു. കാരണം പ്രേതങ്ങൾക്ക് പറന്നു ചാടി പിടിക്കാം, ചുമരുകൾ തകർക്കാം, പുറത്തു ഒരു സാക്ഷ ഇട്ടു പൂട്ടിയ ഒരു മരത്തിന്റെ കതക് തുറക്കാൻ ലേശം ബുദ്ധിമുട്ടാണ് - അങ്ങനെ ആണ് പ്രേതങ്ങളുടെ rule.
ജെസ്സീ നിനക്കെന്തു പറ്റി ?
അന്നു രാത്രി വണ്ടി ഇടിച്ചതിനു ശേഷം എന്താ ഉണ്ടായേ എന്നതോ, ആ കാർ തന്റെ കോമ്പൗണ്ടിലെ ഒരു കെട്ടിടത്തിൽ കിടപ്പുണ്ടെന്നതോ അതെ ദിവസം തന്നെ തന്റെ ചേച്ചി വണ്ടി ഇടിച്ച് മരിച്ചു എന്നതൊക്കെയോ വളരെ convenient ആയി ജെസ്സി ടീച്ചർ മറന്നു കളഞ്ഞു എന്നത് അത്ര പെട്ടെന്ന് തള്ളിക്കളയാനാവില്ല. പാതിരി അല്ല സേതു രാമയ്യർ ആയിരുന്നു സംഭവം അന്വേഷിച്ചിരുന്നതെങ്കിൽ കണ്ടിപ്പായ് ഇത് പൊങ്ങി വന്നേനെ. ഞാനാണ് പ്രേതം എങ്കിൽ ഉറപ്പായിട്ടും ജെസ്സി ടീച്ചറെ തന്നെ സംശയിച്ചേനെ. പക്ഷെ പ്രേതം മണ്ടിയാണെന്നുള്ള കാര്യം നമ്മൾ already establish ചെയ്ത സ്ഥിതിക്ക് അതൊരു plot gap ആയി കാണാൻ വയ്യ. ജെസ്സി ടീച്ചർ കണക്കിന് പകരം വല്ല ബോട്ടണിയോ ഹിസ്റ്ററിയോ ആണ് പഠിച്ചിരുന്നതെങ്കിൽ ആ സ്കൂളിൽ ചേരില്ലായിരുന്നു, ഈ സിനിമയും ഉണ്ടാവില്ലാരുന്നു എന്നതും നാം ഓർക്കണം.
കഥാതന്തു പുതിയതാണ് - എന്നാൽ exorcism സീനുകൾ, പ്രേതം കയറിയ കുട്ടിയുടെ mannerisms എല്ലാം പല പല പഴയ പടങ്ങളുടെ കോപ്പി ആണ്. വെറുതെ കിട്ടിയാൽ കാണാൻ ഒന്നു കൊണ്ടും മടിക്കേണ്ട, സമയം നഷ്ടമാവില്ല.
Also, this review contains spoilers.

No comments:

Post a Comment